
ന്യൂഡല്‍ഹി: ബി.ജെ.പി വിരുദ്ധ അജണ്ടയിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഇസ്രായേലില്‍ നിന്നും ശ്രമം നടന്നതായി ഓപ്പണ്‍എഐ. എന്നാല്‍, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ AI മോഡലുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ച രഹസ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതായും ഓപ്പണ്‍എഐ പറഞ്ഞു.
ഇസ്രായേല്‍ ആസ്ഥാനമായുള്ള നെറ്റ്വര്‍ക്കാണ് ഇതിനു പിന്നിലെന്നാണ് ഓപ്പണ്‍എഐ പറയുന്നത്. ‘ഇന്ത്യയെ കേന്ദ്രീകരിക്കുകയും ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിക്കുകയും പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രശംസിക്കുകയും ചെയ്യുന്ന അഭിപ്രായങ്ങള്‍ സൃഷ്ടിക്കാന്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയെന്നും ഓപ്പണ്‍എഐ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം മെയ് മാസത്തിലാണ് തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയും രാജ്യത്തെ ജനാധിപത്യത്തിന് അപകടകരമായ ഭീഷണിയാണിതെന്നും വ്യക്തമാക്കി. മാത്രമല്ല, ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്കുവേണ്ടിയും അല്ലെങ്കില്‍ വിദേശ ഇടപെടലുകള്‍ നടത്തുന്നവരുടെയും ലക്ഷ്യം ബിജെപിയാണെന്ന് തികച്ചും വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയിലും പുറത്തുമുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്, അത് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷിച്ച് തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.