ബിഹാറിൽ ഓപറേഷൻ താമര; നിതീഷിനൊപ്പം10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന

ജെഡിയു നേതാവ് നിതിഷ്കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബിഹാറില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇവരുമായി ബിജെപി സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ കോണ്‍ഗ്രസിന് ആകെ 19 എംഎല്‍എമാരാണുള്ളത്. സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങളുമായി ആര്‍ജെഡി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതേസമയം, ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും യോഗത്തില്‍ പങ്കെടുത്തു. ബിഹാറില്‍ ആര്‍ജെഡിയും അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലാണ് യോഗം. വിഷയം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നേതൃയോഗം ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിതന്നെ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ആവശ്യപ്പെട്ടു.

ആര്‍ജെഡിക്ക് 75 എംഎല്‍എമാരാണ് നിലവിലുള്ളത്. ജെഡിയുവിന് 43 പേരും. ബിജെപിക്ക് 74. കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, എഐഎംഐഎമ്മിന് അഞ്ച്, സിപിഐക്കും സിപിഎമ്മിനും രണ്ട് വീതവും എംഎല്‍എമാരുണ്ട്. ജെഡിയു പോയാല്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍ജെഡി മുന്നണിക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. 212 അംഗ നിയമസഭയില്‍ 122 ആണ് കേവലഭൂരിപക്ഷം വേണ്ടത്. എന്നാല്‍, പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയാല്‍ ലാലുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റും.

Operation Kamal in Bihar 10 congress MLAS likely to go with NDA

More Stories from this section

family-dental
witywide