
തിരുവനന്തപുരം: മാസപ്പടിയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മടിയില്‍ കനമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞതെന്നും പിന്നീട് രണ്ടു കൈകളും പൊക്കി ഈ രണ്ടു കൈകളും ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും എന്നാല്‍ അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
അന്വേഷണം വന്നപ്പോള്‍ കെ.എസ്.ഐ.ഡി.സിയെ കൊണ്ട് 25 ലക്ഷം രൂപ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ വരുത്തി ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മകളെക്കൊണ്ട് കര്‍ണാടക ഹൈക്കോടതിയിലും കേസ് കൊടുപ്പിച്ചു. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അന്വേഷണം നടക്കട്ടെ ഭയപ്പെടാനില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നിട്ടാണ് അന്വേഷണം തടയാന്‍ കോടതിയിലേക്ക് ഓടുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഒരു സര്‍വീസും ചെയ്യാതെ മകളുടെ കമ്പനിയിലേക്കും അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും പണം എത്തിയെന്നാണ് കേസ്. എക്സാലോജിക് സേവനം നല്‍കാതെ പണം കൈപ്പറ്റിയത് കള്ളപ്പണമാണെന്നും അതുകൊണ്ടു തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും അഴിമതി നിരോധന നിയമ പ്രകാരവുമാണ് അന്വേഷണം നടക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി കൂടി ഇതില്‍ പ്രതിയാകുന്ന കേസാണിതെന്നും സ്റ്റാറ്റിയൂട്ടറി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്നും എന്നാല്‍ എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അതിന് തയാറാകുമെന്ന് തോന്നുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.