
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതര പരുക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
”നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഒന്നും ഇല്ല, ഇപ്പോള്‍ ലഭിക്കുന്നത് ശുഭകരമായ വിവരങ്ങളാണ്. ആരോഗ്യനില അപകടകരമായ അവസ്ഥയില്‍ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരുക്കുണ്ട്. അതിനാലാണ് 24 മണിക്കൂര്‍ നിരീക്ഷണം, ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കും. റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കല്‍ സഹായവും ലഭ്യമാക്കും. ബിപി തുടങ്ങി മറ്റു കാര്യങ്ങളെല്ലാം ശരിയായി വരുന്നുണ്ട്. തലയ്ക്കുള്ള പരിക്കാണ് ഗുരുതരം. മറ്റു പ്രശ്‌നങ്ങളൊന്നും ഗുരുതരമല്ല. നല്ല രീതിയില്‍ ശ്രദ്ധ കിട്ടുന്നുണ്ട്. ആശുപത്രി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ഡോക്ടര്‍മാരുമായും സംസാരിച്ചു” വിഡി സതീശന്‍ പറഞ്ഞു.