
ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തീപാറുന്ന കന്നി പ്രസംഗം കഴിഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ്.
ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും.
അതേസമയം, പാര്‍ലമെന്റിലെ പ്രസംഗത്തിന് മുമ്പ്, രാവിലെ 9:30ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും അധികാരത്തിലേറിയ ശേഷം ഭരണകക്ഷിയിലെ എംപിമാരോട് അദ്ദേഹം നടത്തുന്ന ആദ്യ പ്രസംഗമാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി നടത്തിയ പരാമര്‍ശങ്ങള്‍, നീറ്റ് പേപ്പര്‍ ആരോപണങ്ങള്‍, അഗ്‌നിപഥ് പദ്ധതി എന്നിവയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ന് മോദിയുടെ മറുപടി എത്തുക.
ഇന്നലെ ലോക്‌സഭയില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ഗാന്ധി കടന്നാക്രമിച്ചിരുന്നു. ബിജെപിയും മോദിയും മാത്രമല്ല രാജ്യത്തെ ഹിന്ദുസമൂഹമെന്നും ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്താനാണ് ബിജെപി ശ്രമിച്ചിട്ടുള്ളതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനം എതിര്‍ത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, രാഹുലിന്റെ പരാമര്‍ശം ഹിന്ദു സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്ന് പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.