
കര്‍ഷക സമരത്തിനിടെ പോലീസുമായുള്ള സംഘര്‍ഷത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കളും കർഷക സംഘടനകളും. സമരം ചെയ്യുന്ന കര്‍ഷകരെ ശത്രുരാജ്യത്തെ പട്ടാളക്കാരെ പോലെയാണ് മനോഹര്‍ ലാല്‍ ഘട്ടറിന്റെ ഹരിയാന സര്‍ക്കാര്‍ കാണുന്നത് എന്ന് അഖിലേന്ത്യ കിസാന്‍ സഭ. കര്‍ഷക സൗഹൃദമാണെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാരിന്റെ ക്രൂരത വെളിപ്പെടുത്തുന്ന കൊലപാതകമാണ് നടന്നതെന്ന് അഖിലേന്ത്യ കിസാന്‍ സഭ ആരോപിച്ചു.
ബിജെപി കൊന്നുതള്ളിയ കര്‍ഷകരുടെ കണക്ക് ഒരുനാള്‍ തീര്‍ച്ചയായും പുറത്തുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. “ഖനൗരി അതിര്‍ത്തിയിലെ വെടിവെപ്പില്‍ യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണവാര്‍ത്ത ഹൃദയഭേദകമാണ്. കഴിഞ്ഞ തവണ 700-ല്‍ അധികം കര്‍ഷകരുടെ ബലിദാനത്തിന് ശേഷമാണ് മോദിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിച്ചത്. ഇപ്പോള്‍ കർഷകർ വീണ്ടും അവരുടെ ശത്രുവായി മാറിയിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.
പോലീസ് നടപടിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ”യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിനെ ബിജെപി സര്‍ക്കാരിന് കീഴിലെ ഹരിയാന പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു. അന്നദാതാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടത് അംഗീകരിക്കാനാകില്ല”, അദ്ദേഹം പറഞ്ഞു.
खनौरी बॉर्डर पर युवा किसान शुभकरण सिंह की फायरिंग में मौत की खबर हृदयविदारक है, मेरी संवेदनाएं उनके परिवार के साथ हैं।
— Rahul Gandhi (@RahulGandhi) February 21, 2024
पिछली बार 700 से अधिक किसानों का बलिदान लेकर ही माना था मोदी का अहंकार, अब वो फिर से उनकी जान का दुश्मन बन गया है।
मित्र मीडिया के पीछे छिपी भाजपा से एक दिन… pic.twitter.com/Gq8igo757S
“എല്ലാ കാലഘട്ടത്തിലും ജന്‍മിമാര്‍ ദരിദ്രരെ അടിച്ചമര്‍ത്തുകയും ക്രൂരമായ ശക്തിക്ക് കീഴ്‌പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അവരുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന നിരപരാധികളായ കര്‍ഷകരെ കൊന്നൊടുക്കിയിട്ടില്ല. 10 വര്‍ഷമായി നമ്മുടെ കര്‍ഷകരോട് കള്ളം പറയുകയും മോശമായി പെരുമാറുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ അവരെ കൊല്ലുകയാണ്. ഖനൗരി അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെയും നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു”, മമത ബാനർജി പറഞ്ഞു.
ഇന്നലെ രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടന്നത്. സംഘര്‍ഷത്തിലാണ് ശുഭ്കരണ്‍ സിങ് എന്ന യുവകർഷകൻ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാല രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി അറിയിക്കുകയായിരുന്നു.കര്‍ഷകന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സംഘടനകള്‍ അറിയിച്ചു.
Opposition Leaders Condemn the death of a young Farmer in Haryana border











