
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. മണിക്കൂറുകളായി മാനന്തവാടിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ്. മയക്കുവെടി വയ്ക്കാൻ ഉത്തരവിറങ്ങിയതോടെ കാര്യങ്ങൾ അതിവേഗത്തിലാക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. നേരത്തെ തന്നെ ഇതിനുള്ള നടപടികൾ വനംവകുപ്പ് തുടങ്ങിയിരുന്നു. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
എന്നാൽ മയക്കുവെടി വച്ചാൽ പോര, മനുഷ്യ ജീവനെടുത്ത കാട്ടാനയെ കൊല്ലണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് നാട്ടുകാർ. പടമല സ്വദേശിയായ അജീഷ് ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ മരിച്ച അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകാമെന്നും മരിച്ച അജിയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാമെന്നുമുള്ള കളക്ടറുടെ നിർദ്ദേശം ചർച്ചയ്ക്ക് എത്തിയവർ തള്ളിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ 50 ലക്ഷം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Order issued to fire Manthavady Wild Elephant protest latest news












