ഹോളിവുഡ് താരം ലൂയിസ് ഗോസെറ്റ് ജൂനിയര്‍ അന്തരിച്ചു; വിടവാങ്ങിയത് ആഫിക്കയിലെ ഓസ്കർ ജേതാവ്

പ്രശസ്ത ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ലൂയിസ് ഗോസെറ്റ് ജൂനിയർ അന്തരിച്ചു. ഹോളിവുഡ് സിനിമ – ടെലിവിഷൻ താരമായ ലൂയിസ് ഗോസെറ്റ് ജൂനിയർ 87 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കന്‍ വംശജന്‍ എന്ന ഖ്യാതി നേടിയ അഭിനേതാവാണ് ലൂയിസ് ഗോസെറ്റ്. ‘ആൻ ഓഫീസർ ആൻഡ് എ ജെന്‍റിൽമാൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് ലൂയിസ് ഗോസെറ്റിന് ഓസ്കർ നേടിക്കൊടുത്തത്.കാലിഫോർണിയയിലെ സാന്‍റാ മോണിക്കയിൽ വച്ചായിരുന്നു താരം മരിച്ചതെന്നാണ് കുടുംബം അറിയിച്ചത്. ഗോസെറ്റിൻ്റെ മരണകാരണം അജ്ഞാതമാണെങ്കിലും, അദ്ദേഹം അടുത്തിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടും പ്രോസ്റ്റേറ്റ് കാൻസറിനോടും പോരാടിയിരുന്നതായി കുടുംബം വിവരിച്ചു. അതീവ ദുഃഖത്തിലാണെന്നും ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യതയെ എല്ലാവരും ബഹുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാവരുടെയും അനുശോചനത്തിന് നന്ദി അറിയിക്കുന്നതായും കുടുംബം വ്യക്തമാക്കി.കൗമാരപ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ ലൂയിസ് ഗോസെറ്റ് പിന്നീട് ചലച്ചിത്ര ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. ടേക്ക് എ ജയന്‍റ് സ്റ്റെപ്പ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലൂയിസ് ഗോസെറ്റ്, റൂട്ട്‌സിലൂടെ എമ്മി പുരസ്കാരവും ഓഫീസർ ജെന്‍റിൽമാനിലൂടെ ഓസ്കറും സ്വന്തമാക്കുകയായിരുന്നു.

Oscar winning actor Louis Gossett Jr passes away at 87