
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിൽ ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ നാലു വിഭാഗങ്ങൾക്കാണ് മുൻഗണനയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തൻ്റെ ഗവൺമെൻ്റിൻ്റെ വികസന കാഴ്ചപ്പാട് എല്ലാ ജാതികളെയും എല്ലാ തലങ്ങളിലുമുള്ള ആളുകളെയും ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ നിർമല സീതാരാമൻ, 2047-ഓടെ ഇന്ത്യയെ ‘വികസിത ഭാരത്’ (വികസിത ഭാരതം) ആക്കുക എന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞു.
“പ്രധാനമന്ത്രി വിശ്വസിക്കുന്നതു പോലെ നമ്മൾ നാല് പ്രധാന ജാതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അവർ ഗരീബ് (ദരിദ്രർ), മഹിളായെ (സ്ത്രീകൾ), യുവ (യുവജനങ്ങൾ), അന്നദാതാ (കർഷകർ) എന്നിങ്ങനെയാണ്,” ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുവിധ ദാരിദ്രത്തിൽ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു.
സ്കിൽ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 3000 പുതിയ ഐ.ടി.ഐകൾ സ്ഥാപിച്ചു. ഏഴ് ഐ.ഐ.ടികൾ, 16 ഐ.ഐ.ഐ.ടികൾ, ഏഴ് ഐ.ഐ.എമ്മുകൾ, 15 എ.ഐ.ഐ.എമ്മുകൾ, 390 സർവകലാശാലകൾ എന്നിവ സ്ഥാപിച്ചു.
പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടിയാണ് സംരംഭകർക്കും യുവാക്കൾക്കും വായ്പയായി നൽകിയത്. മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചതായും മന്ത്രി പറഞ്ഞു.