2023-ൽ അര ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അമേരിക്കന്‍ പൗരത്വം നേടി: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പോയ വര്‍ഷം അരലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎസ് പൗരത്വം നേടിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് റിപ്പോര്‍ട്ട്. ലഭ്യമായ കണക്ക് അനുസരിച്ച് 59,100 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം നേടിയതായാണ് വിവരം. മാത്രമല്ല, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യുഎസ് പൗരന്മാരായെന്നും റിപ്പോര്‍ട്ടിലുണ്ട്. അവരില്‍ 1.1 ലക്ഷം മെക്സിക്കന്‍മാരും (പുതിയ പൗരന്മാരുടെ ആകെ എണ്ണത്തിന്റെ 12.7%), 59,100 (6.7%) ഇന്ത്യക്കാരും യുഎസ് പൗരത്വം നേടി.

പുതുതായി അമേരിക്കന്‍ പൗരത്വം നേടിയവരില്‍ 35,200 (4 ശതമാനം) ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ളവരും, 44,800 (5.1 ശതമാനം) ഫിലിപ്പീന്‍സില്‍ നിന്നുള്ളവരുമാണ്. യുഎസ് പൗരത്വം ലഭിക്കുന്നതിന്, ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടില്‍ (ഐഎന്‍എ) പറഞ്ഞിരിക്കുന്ന ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും ഒരാള്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് നിയമാനുസൃതമായ സ്ഥിര താമസക്കാരന്‍ ആയിരിക്കേണ്ടതുമാണ്.