
ന്യൂയോർക്ക്: യു എസിലുണ്ടായ കാർ അപകടത്തിൽ 3 ഇന്ത്യൻ സ്ത്രീകൾ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് യു എസിനെ സൗത്ത് കരോലിനയിൽ ഗ്രീൻവില്ലെ കൗണ്ടിയിലുണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. അമിതവേഗതയിലായിരുന്ന ഇവരുടെ എസ് യു വി പാലത്തിന് മുകളിലെ റോഡിൽ നിന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഗ്രീൻവില്ലെ കൗണ്ടി കൊറോണർ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി പാലത്തിൽ നിന്നും തെറിച്ച് പറന്ന് താഴെയുള്ള മരങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അമിതവേഗതയിൽ എസ് യു വിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്തെ പൊലീസ് ഡെപ്യൂട്ടി ചീഫായ കൊറോണർ മൈക്ക് എല്ലിസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മറ്റ് കാറുകളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാർ മരത്തിൽ കുടുങ്ങി, ഒന്നിലധികം കഷണങ്ങളായി തകർന്ന നിലയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിവരിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ മൂവരുടെയും ജീവൻ നഷ്ടമായതായാണ് മനസിലാകുന്നതെന്നും അദ്ദേഹം വിവരിച്ചു.
സൗത്ത് കരോലിന ഹൈവേ പട്രോളിംഗ് സംഘവും ഫയർ ആൻഡ് റെസ്‌ക്യൂ ടീമുകളും ഗ്രീൻവില്ലെ കൗണ്ടി ഇ എം എസ് യൂണിറ്റുകളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാൾ ആശുപത്രിയിലാണെന്നും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നും അതീവ ഗുരതരാവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Over speeding SUV goes airborne,3 Indian women killed in road accident in US