
കൊച്ചി: താര സംഘടന അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ള ആളുകള്‍ ഭരണസമിതിയില്‍ വന്നാലാണ് നല്ല മാറ്റമുണ്ടാകുക എന്നും പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പിരിച്ചു വിട്ട ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു ജോയ് മാത്യു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടു പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരവധി വനിതകള്‍ രംഗത്തെത്തിയിരുന്നു. രഞ്ജി പണിക്കരും മുകേഷും ജയ സൂര്യയും സുരാജ് വെഞ്ഞാറമ്മൂടും അടക്കമുള്ള താരങ്ങള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അമ്മ സംഘടനയുടെ ഭരണസമിതിയില്‍ നിന്നുള്ള കൂട്ടരാജി ഒളിച്ചോട്ടമല്ലെന്നും ഈ സംഘടനയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് അവശകലാകാരന്മാരുണ്ട്, അതുകൊണ്ട് സംഘടന നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വീട്ടിലെ എല്ലാ മക്കളും ഒരുപോലെ ആകണമെന്നില്ലല്ലോ എന്നും ഇനി പുതിയ തലമുറകള്‍ വരട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. സംഘടന പിരിച്ചു വിട്ടിട്ടും ഇല്ല. ഭരണസമിതി മാത്രമാണ് പിരിച്ചു വിട്ടത്. ആരുടെയും സമ്മര്‍ദ്ദമില്ലാതെ കൂട്ടായി എടുത്ത തീരുമാനമാണ് ഈ രാജി. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവരല്ല ഞങ്ങള്‍. ഹേമ കമ്മിറ്റി പുറത്തു വന്ന സാഹചര്യത്തില്‍ പുതിയ കമ്മിറ്റി പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. സംഘടന ശക്തമായി മുന്‍പോട്ടു പോകും. അതിനു പ്രാപ്തിയുള്ളവര്‍ ഇതിലുണ്ട്, എന്നും ജോയ് മാത്യു പറയുന്നു.