
കോട്ടയം: ബിജെപി തനിക്ക് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വം നൽകുന്നതിൽ വെള്ളാപ്പള്ളി നടേശൻ തടസം നിന്നുവെന്ന് പി.സി ജോർജ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു.
അയാളാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. എല്ലാ പാർട്ടിയുടെയും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് വെള്ളാപ്പള്ളിയാണ്. ബിജെപി തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ ക്രൈസ്തവ സംഘടനകൾക്ക് നിരാശയുണ്ടെന്നും ആ നിരാശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്നും പി.സി ജോർജ് പറഞ്ഞു.
പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
‘‘ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ല,’’ പി.സി. ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. പാർട്ടിയിൽ ജൂനിയറാണ് താൻ. സ്ഥാനാർത്ഥിത്വം ആരോടും ചോദിച്ചില്ല. ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. വിവരദോഷിയാണെങ്കിലും എസ്എൻഡിപിയെ ശാക്തീകരിച്ചത് വെള്ളാപ്പള്ളിയാണ്. അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നു. തുഷാർ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് പരാതി പറഞ്ഞാൽ പോകാൻ പറയും. അച്ഛൻ വെള്ളാപ്പള്ളി സിപിഎമ്മും മകൻ ബിജെപി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോർജ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് പി.സി. ജോർജ് പറഞ്ഞു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.