നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്: പ്രഫ. പി. ജെ. കുര്യൻ

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും, സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയിലൂടെയാണെന്നും പ്രാർഥന നിലച്ചുപോകുന്നിടത്തു ജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടു.

ക്രിസ്തു നമ്മെ പഠിപ്പിച്ച ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ആത്മാർത്ഥമായി നാം ഉരുവിടുമ്പോൾ അതിലൂടെ ദൈവത്തെ പിതാവേ എന്നു വിളിക്കുന്നതിനുള്ള അവകാശമാണ് നമ്മുക്ക് ലഭിക്കുന്നത്. അതിനാൽ നാം എല്ലാവരും മക്കളുമാണ്. ഈ സത്യം നാം ഉൾകൊള്ളുമ്പോൾ മനുഷ്യ വർഗത്തെ സഹോദരങ്ങളെപോലെ കാണുന്നതിനും അവന്റെ ആവശ്യങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇന്റർനാഷനൽ പ്രെയർലെെൻ സംഘടിപ്പിച്ച പ്രാർത്ഥന എന്ന പ്രധാന വിഷയത്തെകുറിച്ചു മുഖ്യ സന്ദേശം നൽകുകയായിരുന്നു പി. ജെ. കുര്യൻ.

ആമുഖപ്രസംഗത്തിൽ സി. വി. സാമുവൽ ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിച്ചു. തുടർന്ന് മുഖ്യാതിഥി ഉൾപ്പെടെ എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. എം. വി. വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക് മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം കൗൺസിൽ അംഗം ഷാജി രാമപുരം, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഡോ. ചെറിയാൻ തോമസ് സമാപന പ്രാർത്ഥന നടത്തി. ടി. എ. മാത്യു നന്ദി പറഞ്ഞു. ഷിജു ജോർജ് സാങ്കേതിക പിന്തുണ നൽകി.