
കൊച്ചി: തിരുവോണ നാളിൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ പി ജയരാജൻ രംഗത്ത്. തനിക്ക് നീതി ലഭിച്ചില്ലെന്നാണ് പി ജയരാജൻ പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.
അതേസമയം രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് മാത്രമാണ് കുറ്റക്കാരനെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബാക്കിയുള്ള മുഴുവന്‍ പ്രതികളെയും വെറുതേവിടാൻ ഇന്ന് രാവിലെ ഹൈക്കോടതി വിധിച്ചത്. പ്രശാന്ത് ഒഴികെയുള്ള ബാക്കി എട്ട് പേരെയും വെറുതെ വിടാനാണ് വിധിച്ചത്. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
1999 ഓഗസ്റ്റ് 25 ന് തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്, കുനിയിൽ സനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്.
P Jayarajan against Kerala HC verdict 8 accused acquitted in attempt to murder case