
കോഴിക്കോട്: വ്യായാമ കൂട്ടായ്മയായ മെക് 7നെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കി. പൊതുയിടങ്ങളില്‍ മതരാഷട്ര വാദികള്‍ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അപൂര്‍വമായി ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, സംഘ പരിവാര്‍ തുടങ്ങിയ സംഘടനകള്‍ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മതത്തെയും കുറിച്ച പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകള്‍ക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണെന്നും പി. മോഹനന്‍ പറഞ്ഞു.