കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ സരിൻ പാലക്കാട് ചെങ്കൊടിയേന്തുമോ? സരിന്‍റെ സാധ്യത തള്ളാതെ സിപിഎം; ‘കാത്തിരുന്ന് കാണാം’

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വം തള്ളി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി പരസ്യ വിമർശനം നടത്തിയ യുവ നേതാവ് ഡോ. പി സരിനാകുമോ പാലക്കാട്ടെ ഇടത് സ്ഥാനാർഥി. ഇന്ന് രാവിലെ മുതൽ വിവിധ കോണുകളിൽ നിന്ന് ഈ ചോദ്യം ഉയർന്നിരുന്നു. മാധ്യമ പ്രവർത്തകരുടെ ഇതേ ചോദ്യത്തിനുള്ള സി പി എം നേതാക്കളുടെ മറുപടിയും സരിനെ തള്ളാതെയാണെന്നുള്ളത് ശ്രദ്ധേയമായി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാലക്കാട്ടെ മുതി‌ർന്ന സി പി എം നേതാവ് എ കെ ബാലനും സരിന്‍റെ സാധ്യത തള്ളാതെയാണ് മറുപടി നൽകിയത്.

പി സരിന്‍ നിലവില്‍ സി പി എമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ഇനി എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക എന്നും വ്യക്തമാക്കി. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. അതിനപ്പുറം പാര്‍ട്ടി എന്ന നിലയില്‍ സി പി എം ഇക്കാര്യം പരിശോധിച്ചിട്ടില്ല. അക്കാര്യത്തില്‍ കാത്തിരുന്ന് കാണാം. പി സരിനുമായി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്നത് കാര്യം പൂർണമായും മനസ്സിലാക്കിയശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കുമെന്നാണ് എ കെ ബാലന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളെയും ഉപയോഗിക്കും. അതൃപ്തിയുള്ള കോണ്‍ഗ്രസുകാര്‍ക്ക് കൂടി താല്‍പ്പര്യമുള്ളയാളാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സി പി എം സ്ഥാനാർഥി എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഉള്ളറകളുടെ കാവല്‍ക്കാരനാണ് സരിനെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

സിപിഎമ്മില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സരിന്‍ നിലപാട് എടുക്കട്ടെ എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്. സരിന്‍ നിലപാട് വക്തമാക്കിയ ശേഷം ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കാം. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പി. സരിനില്‍ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide