‘അജിത് കുമാർ 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു, സോളാർ കേസ് അട്ടിമറിച്ച പ്രതിഫലം കൊണ്ട് ഫ്ലാറ്റ് വാങ്ങി’

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുത ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. വിവാദമായ സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും പ്രതികളില്‍ നിന്ന് ഇതിനായി വൻതുക പ്രതിഫലം കൈപ്പറ്റിയെന്നും എംഎല്‍എ ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. ഈ വിൽപ്പനയിലൂടെ 32 ലക്ഷംരൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. 4 ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പും ഇടപാടിലൂടെ നടന്നതായും അൻവർ ആരോപിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്‌ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ 11 മണിക്ക് വാർത്താ സമ്മേളനം നടത്തുന്നതിന് മുൻപായാണ് അൻവര്‍ വാർത്താ സമ്മേളനം നടത്തി എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും അൻവർ രൂക്ഷ വിമർശനം നടത്തി.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി ശശിയാണെന്ന് അന്‍വര്‍ പറഞ്ഞു. പി ശശി സത്യസന്ധമായി ചുമതല നിര്‍വഹിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നില്ല. പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അല്ലാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനല്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.