
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്തെത്തി അവര്‍ അംഗത്വം സ്വീകരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇത്തരം വാർത്തകൾ പദ്മജ വേണുഗോപാൽ തന്നെ തള്ളിക്കളഞ്ഞിരുന്നു.
ബിജെപിയിലേക്കു താൻ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഒരു ചാനല്‍ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു പദ്മ പ്രതികരിച്ചത്. പക്ഷേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന.
നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004 ൽ മുകുന്ദപുരം ലോക്സഭാമണ്ഡലത്തിൽനിന്നും പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021 ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പദ്മജ പരാജയപ്പെട്ടിരുന്നു. വി.എസ്.സുനിൽ കുമാറായിരുന്നു അന്ന് എതിർസ്ഥാനാർഥി.














