
ന്യൂഡൽഹി: താൻ ബിജെപിയിലേക്ക് കൂടുമാറാൻ കാരണം കോൺഗ്രസ് ആണെന്ന് പദ്മജ വേണുഗോപാൽ. മൂന്ന് വർഷമായി കോൺഗ്രസ് അവഗണിക്കുകയായിരുന്നു. അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും പത്മജ പ്രതികരിച്ചു. രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസാണ് തന്നെ തോൽപിച്ചത്. പാർട്ടിക്ക് അകത്തുനിന്ന് വളരെയേറെ അപമാനം അനുഭവിച്ചു. പോസ്റ്ററുകളിൽ പോലും ചിത്രം ഉള്‍പ്പെടുത്താറില്ല. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചോയെന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും പദ്മജ പറഞ്ഞു.
പിതാവ് കെ. കരുണാകരനെയും കോൺഗ്രസ് പാർട്ടി വിഷമിപ്പിച്ചിരുന്നുവെന്ന് പദ്മജ പറഞ്ഞു. അവഗണന സഹിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കെ. മുരളീധരനും മുൻപ് എൽഡിഎഫുമായി ചേർന്നിരുന്നു. പല പാർട്ടികളിൽ പോയ മുരളീധരന്‍ തന്നെ വിമര്‍ശിക്കേണ്ടെന്നും പദ്മ പറഞ്ഞു.
അതേസമയം പദ്മജക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. ജയിക്കാൻ കഴിയുന്ന സീറ്റുകളാണ് പദ്മജക്ക് നൽകിയതെന്നാണ് കോൺഗ്രസിന്റെ വാദം. രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയിട്ട് തന്നെക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതും പദ്മജയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചെന്നാണ് സൂചന.














