
കോൺഗ്രസിൻ്റെ കേരളത്തിലെ എക്കാലത്തേയും വലിയ നേതാക്കളിൽ ഒരാളുടെ മകളായ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശം കേരളത്തിലെ കോൺഗ്രസിനെ സമ്മർദ്ദിലാക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പദ്മജ സ്വീകരിച്ച ഈ തീരുമാനം രാഷ്ട്രീയ മദ്യാദയ്ക്ക് ചേരുന്നതല്ല എന്നതു സത്യം. ആ തീരുമാനം കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയാണ്. ഏതൊക്കെ കോൺഗ്രസുകാർ ഈ പാർട്ടിയിൽ നിൽക്കും എന്നൊരു വലിയ സംശയം സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്.
ബിജെപിയുടെ ‘കോൺഗ്രസ് മുക്ത ഭാരതം” ഗുണം ചെയ്യുക കേരളത്തിൽ ഇടതു പക്ഷത്തിനാണ് എന്നതിൽ സംശയം വേണ്ട. ദേശീയ തലത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന മത ന്യൂനപക്ഷങ്ങൾ ഏക പിടിവള്ളിയായി കണ്ടിരുന്ന കോൺഗ്രസിനെ കൈവിടാൻ സാധ്യതയുണ്ട്.
തങ്ങൾക്കൊപ്പം നിലനിൽക്കന്നത് സിപിഎം ആണെന്ന് കേരളത്തിലെ മുസ്ലിം ലീഗിന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു കാലമായി. പല രീതിയിൽ കോൺഗ്രസിനെ അവർ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ആശ്രയിച്ചായിരിക്കും കേരളത്തിൽ മുസ്ലിം ലീഗ് യുഡിഎഫിൽ തുടരണമോ എന്നു പോലും തീരുമാനിക്കപ്പെടുക എന്നു വേണം കരുതാൻ.
തുടർച്ചയായി സമ്മർദ്ദത്തിൽ നിന്നിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ പോന്ന ഒരു കച്ചിത്തുരുമ്പാണ് പത്മജയുടെ ബിജെപി പ്രവേശം. പത്മജ മാത്രമല്ല, സംസ്ഥാനത്തെ കോൺഗ്രസിലെ പലരും പോകുമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നുമുള്ള പ്രചാരണം സിപിഎം സജീവമാക്കിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും ചൂടുപിടിച്ച മത്സരം പ്രതീക്ഷിക്കുന്ന മണ്ഡങ്ങളിലൊന്നായ വടകരയിൽ സിപിഎം സ്ഥാനാർഥി കെ കെ ശൈലജയെ നേരിടുന്നത് പത്മജയുടെ സഹോദരനും സിറ്റിങ് എംപിയുമായ കെ മുരളീധരനാണ്. പത്മജയ്ക്കു പിന്നാലെ മുരളീധരനും ബിജെപിയിൽ പോകുമെന്ന പ്രചാരണം ഇടത് സൈബർ ക്യാമ്പുകളിൽനിന്ന് ഉൾപ്പെടെ വ്യാപകമായി ഉയർന്നിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ വധത്തെത്തുടർന്ന് രണ്ട് തവണ നഷ്ടപ്പെട്ട വടകര സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലും പത്മജയുടെ കൂടുമാറ്റം സിപിഎമ്മിന് നേട്ടമായേക്കും. ചതിയാണ് എന്നും ഇനി സഹോദരിയുമായി ഒരു ബന്ധവുമില്ല എന്നും കെ. മുരളീധരൻ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ജനം അത് എങ്ങനെയെടുക്കുന്നു എന്ന് കണ്ടറിയണം.
നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽഡിഎഫ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണം, വന്യമൃഗ ആക്രമണം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാൽ വലയുകയായിരുന്നു. പദ്മജ വന്നതോടെ ചർച്ച മുഴുവൻ ഈ വഴിക്കായി.
Padmaja Venugopal’s BJP entry helps LDF in Kerala














