
ഓസ്ട്രിയന്‍ കലാകാരനായ ഗുസ്താവ് ക്ലിംറ്റിന്റെ നഷ്ടപ്പെട്ട പെയിന്റിംഗ്, ‘പോര്‍ട്രെയിറ്റ് ഓഫ് ഫ്രോലിന്‍ ലീസര്‍’, 100 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി. വിയന്നയില്‍ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ കലാസൃഷ്ടി യഥാര്‍ത്ഥത്തില്‍ ഓസ്ട്രിയയിലെ ഒരു ജൂതകുടുംബത്തിന്റേതായിരുന്നു. 1925-ലാണ് അവസാനമായി ഇത് പരസ്യമായി കണ്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് എവിടെയാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍ 1960-കള്‍ മുതല്‍ പെയിന്റിംഗ് നിലവിലെ ഉടമസ്ഥരുടെ കുടുംബത്തിന്റെ കൈവശമായിരുന്നെന്നും 54 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ചിത്രമാണ് ഇതെന്നുമാണ് വിവരം. ഈ കണ്ടെത്തല്‍ കലാലോകത്തിലെ ഒരു സുപ്രധാന സംഭവമാണെന്നും വളരെക്കാലമായി നഷ്ടപ്പെട്ട ഒരു മാസ്റ്റര്‍പീസ് പൊതുജനശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുസ്താവ് ക്ലിംറ്റിന്റെ ചിത്രങ്ങള്‍ ആ കാലഘട്ടത്തിലെ സ്ത്രീകളെ വരഞ്ഞിടുന്ന അസാധാരണ മികവോടെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍, പ്രത്യേകിച്ച് നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ ഛായാചിത്രങ്ങള്‍, ലോകമെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്ന അംഗീകാരം നേടുന്നു.
അന്താരാഷ്ട്ര കലാവിപണിയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ക്ലിംറ്റിന്റെ പെയിന്റിംഗുകള്‍ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സ്ത്രീകളുടെ ഛായാചിത്രങ്ങള്‍ ലേലത്തില്‍ അപൂര്‍വമായി മാത്രമേ നല്‍കൂ. അത്തരം അപൂര്‍വമായതും കലാപരമായ പ്രാധാന്യവും മൂല്യവുമുള്ള ഒരു പെയിന്റിംഗ് പതിറ്റാണ്ടുകളായി മധ്യ യൂറോപ്പിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ ലഭ്യമല്ല. എന്നാലിപ്പോള്‍ അത്തരത്തിലൊന്ന് കണ്ടെത്തിയിരിക്കുകയാണ്.













