
ന്യൂഡൽഹി: രണ്ട് പാക്കിസ്ഥാൻ ഭീകരവാദികളുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ദുരുദ്ദേശ്യപരമായ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണെന്നും പാക്കിസ്ഥാൻ വിതയ്ക്കുന്നതെന്താണോ അത് കൊയ്യുമെന്നും എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
“ലോകത്തിന് അറിയാവുന്നതുപോലെ, പാക്കിസ്ഥാൻ ദീർഘകാലമായി ഭീകരവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധമായ രാജ്യാന്തര പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണ്. ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാക്കിസ്ഥാന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരതയുടെയും അക്രമത്തിന്റെയും സ്വന്തം സംസ്കാരം അതിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
“പാക്കിസ്ഥാൻ വിതയ്ക്കുന്നതേ കൊയ്യൂ… സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒരു ന്യായീകരണമോ പരിഹാരമോ ആകാൻ കഴിയില്ല.”
കഴിഞ്ഞ വര്‍ഷം സിയാല്‍കോട്ടിലും റാവല്‍കോട്ടിലും ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ സംഘടനകളിലെ രണ്ട് ഭീകരരെ വധിച്ച സംഭവത്തിലാണ് ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇരുകൊലപാതകങ്ങളിലും ഇന്ത്യന്‍ ഏജന്റുമാരെ ബന്ധപ്പെടുത്തുന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് സൈറസ് സജ്ജാദ് ഖാസിയാണ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
ഇന്ത്യ പാകിസ്ഥാനില്‍ ‘ദേശീയവും നിയമവിരുദ്ധവുമായ കൊലപാതകങ്ങള്‍’ നടത്തുകയാണെന്ന് ഒരു പത്രസമ്മേളനത്തിലാണ് ഖാസി ആരോപിച്ചത്. 2016ല്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് 2023 ഒക്ടോബര്‍ 11ന് സിയാല്‍കോട്ടിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ചു. ഒരു മാസം മുമ്പ്, 2023 ജനുവരി ഒന്നിന് ജമ്മു കശ്മീരില്‍ നടന്ന ധാന്‍ഗ്രി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദ് റാവലക്കോട്ടിലെ പള്ളിയില്‍ വെച്ചും വെടിയേറ്റ് മരിച്ചിരുന്നു.