
ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വഴിവിട്ട് സര്‍ക്കാരിനെത്തന്നെ താഴെയിറക്കിയ സംഭവത്തിന് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുമ്പോള്‍ നിര്‍ണായകമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
പാകിസ്ഥാനെ അനുകൂലിക്കുന്ന ബി.എന്‍.പി. സര്‍ക്കാരുണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇതിനായി പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭം വഴിവിട്ടുപോകാന്‍ ചൈനയുടേയും സഹായമുണ്ടായെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗവും പ്രതിഷേധങ്ങളെ മുതലെടുത്ത് അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നു ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഹസീന അധികാരത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ശക്തിപ്രാപിച്ച ‘ഇന്ത്യ ഔട്ട്’ പ്രചാരണവും ക്യാമ്പെയിന് പിന്നിലെ മുഴുവന്‍ ഗൂഢാലോചനയും പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും ആയിരുന്നുവെന്നും വിവരമുണ്ട്.