
ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാക് സർക്കാർ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങളാണ് കോടതിക്കു മുന്നിൽ പാക് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ പാകിസ്താനിൽ എക്സ് സേവനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ എഹ്തിഷാം അബ്ബാസി നൽകിയ സിന്ധ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മറുപടിയായിട്ടാണ് സർക്കാർ നിരോധനവും കാരണങ്ങളും വെളിപ്പെടുത്തിയത്.
ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച അറിയിച്ചിരുന്നു.ചില ഘടകങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അരാജകത്വത്തിലേക്ക് തള്ളിവിടാനും വേണ്ടി പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എക്സിന്റെ നിരോധനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എക്‌സിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തെ സിന്ധ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ അത് പുനഃസ്ഥാപിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.
“നിസാരകാര്യങ്ങൾക്ക് ഇത്തരം നടപടി സ്വീകരിക്കുന്ന നിങ്ങളെ ( പാക്ക് സർക്കാരിനെ ) ലോകം മുഴുവൻ പരിഹസിക്കും.” ചീഫ് ജസ്റ്റിസ് അഖീൽ അഹമ്മദ് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിന് മുമ്പാണ് ഇത്തരം നടപടികൾ പാക്കിസ്ഥാനിലുണ്ടായത്. ഇൻ്റർനെറ്റിനും നിരോധനം ഉണ്ടായിരുന്നു.
വാഷിംഗ്ടൺ പാകിസ്ഥാനുമായി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് യുഎസ് പ്രതികരിച്ചിട്ടില്ല.
Pakistan bans X platform