പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; സർക്കാർ രൂപീകരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി, പ്രക്ഷോഭം

ഇസ്ലാമാബാദ്: പാകിസ്ഥാൻ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടെണ്ണലിൽ ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൻ്റെ പിന്തുണയുള്ള സ്വതന്ത്രർക്ക് ലീഡ്. ഇസിയുടെ വെബ്‌സൈറ്റിലെ അന്തിമ കണക്ക് പ്രകാരം 264 സീറ്റുകളിൽ 101 സീറ്റിലും ഇമ്രാൻ ഖാൻ പിന്തുണയുള്ള സ്വതന്ത്രർ വിജയിച്ചതായി റിപ്പോർട്ട് പറയുന്നു. 75 സീറ്റുകൾ നേടിയ നവാസ് ഷെരീഫിൻ്റെ പിഎംഎൽ-എൻ, 54 സീറ്റുകൾ നേടിയ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയാണ് തൊട്ടുപിന്നിൽ.

ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് രംഗത്തെത്തി. പാക് തിരഞ്ഞെടുപ്പ് കമ്മിഷനെ പുറത്താക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും വോട്ടെടുപ്പിലെ കൃത്രിമങ്ങള്‍ക്കുമെതിരെ തെഹ്‌രീകെ ഇന്‍സാഫ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു.

അതേസമയം മറ്റ് പാര്‍ട്ടികളുമായി സര്‍ക്കാര്‍ രൂപീകരണത്തിന് ആലോചന ആരംഭിക്കാന്‍ നവാസ് ഷെരീഫ് തന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെ ചുമതലപ്പെടുത്തിയതായും ബിലാവല്‍ ഭുട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ലാഹോറിലും ഇസ്ലാമാബാദിലും പ്രധാന യോഗങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിൽ 265 സീറ്റുകളിലേക്കാണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷമായ 133 സീറ്റു വേണം സർക്കാരുണ്ടാക്കാൻ. 265 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 264 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സ്ഥാനാർഥി മരിച്ചതിനാൽ ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നില്ല. പഞ്ചാബ് പ്രവിശ്യയിലെ ഖുഷാബിലെ എൻഎ 88ലെ ഫലമാണ് ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിടാത്തത്.

More Stories from this section

family-dental
witywide