
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തന്നെ അഭിനന്ദിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഷെഹ്ബാസ് ഷെരീഫ്.
72 കാരനായ ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ചയാണ് പാക്കിസ്ഥാന്റെ 24-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഷെഹ്ബാസിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചത്.
പ്രധാന തിരഞ്ഞെടുപ്പും തുടര്‍ന്ന് നടന്ന വോട്ട് കൃത്രിമ ആരോപണവും കോലാഹലങ്ങള്‍ക്കും ശേഷം ഒരുമാസത്തിനിപ്പുറമാണ് ഷെഹ്ബാസ് ഷെരീഫ് സ്ഥാനമേറ്റത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദേശീയ അസംബ്ലിയില്‍ നടത്തിയ വിജയ പ്രസംഗത്തില്‍, അയല്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുമെന്ന് ഷെഹ്ബാസ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, കശ്മീര്‍ പ്രശ്‌നം പ്രസംഗത്തില്‍ പ്രതിപാദിക്കുകയും അതിനെ പലസ്തീനുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത് 2016ല്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ പാക് ഭീകരസംഘടനകള്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ്. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി, 2019 ഫെബ്രുവരി 26 ന് പാക്കിസ്ഥാനുള്ളിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.