ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം പുകച്ച് പാക് ഗായിക

തത്സമയ ഷോക്കിടെ ഹണിമൂണിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച അവതാരകനും ഹാസ്യനടനുമായ ഷെറി നൻഹയുടെ മുഖത്തടിച്ച് പ്രശസ്ത പാക്കിസ്ഥാൻ ഗായിക ഷാസിയ മൻസൂർ. പബ്ലിക് ഡിമാൻഡിൽ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഷാസിയ. ഷെറി നൻഹയുടെ ചോദ്യം ഷാസിയയെ പ്രകോപിപ്പിക്കുകയും മറുപടി ഉടൻ തന്നെ അടിയുടെ രൂപത്തിൽ എത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

“നമ്മുടെ വിവാഹം കഴിഞ്ഞാൽ ഷാസിയ, ഞാൻ നിന്നെ ഉടൻ തന്നെ ഹണിമൂണിനായി മോണ്ടി കാർലോയിലേക്ക് കൊണ്ടുപോകും. ഏത് ക്ലാസ്സിൽ യാത്ര ചെയ്യണമെന്ന് പറയാമോ?” എന്നായിരുന്നു ചോദ്യം. ഇതോടെ ഷാസിയയുടെ നിയന്ത്രണം വിട്ടു. അവർ അവതാരകനെ ഒന്നിലധികം തവണ അടിക്കുകയും അദ്ദേഹത്തെ തേർഡ് ക്ലാസ് വ്യക്തി എന്ന് വിളിക്കുകയും ചെയ്തു.

“കഴിഞ്ഞ തവണ ഇതെല്ലാം ഞാനൊരു തമാശയായി ഒതുക്കി. ഇത്തവണ ഞാൻ ഗൗരവത്തിലാണ്, നിങ്ങൾ സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്? നിങ്ങൾ ‘ഹണി മൂൺ’ എന്നാണ് പറയുന്നത്. നിങ്ങൾ സ്ത്രീകളോട് ഇങ്ങനെയാണ് സംസാരിക്കുന്നത്?” ഷാസിയ ചോദിച്ചു.

പരിപാടിയിലെ മറ്റൊരു അവതാരകനായ മൊഹ്‌സിൻ അബ്ബാസ് ഹൈദർ ഇടപെട്ട് പ്രശ്നം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഇനിയൊരിക്കലും ഈ പരിപാടിയിൽ അതിഥിയായി എത്തില്ലെന്നു പറഞ്ഞ ഷാസിയ വേദി വിട്ട് പോയി.