
പാലക്കാട്: ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍ എത്തുകയും സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടുകയും ചെയ്ത പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇന്ന് വിരലില്‍ മഷി പുരട്ടും, തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കും. മറ്റു മണ്ഡലങ്ങള്‍ക്കൊപ്പം ഈ മാസം 13 ന് നടത്തേണ്ടിയിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ മാറ്റി വെക്കേണ്ടി വന്നതിനാലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വൈകിയത്.
രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. കള്ളപ്പണ വിവാദം, നീല ട്രോളി വിവാദം, ഇരട്ടവോട്ട് വിവാദം, പരസ്യ വിവാദം… അങ്ങനെ നീളുന്നു പാലക്കാട്ടെ തിരഞ്ഞെടുപ്പ് ‘യുദ്ധങ്ങള്‍’.
തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന് മണിക്കൂറുകള്‍ക്കകം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഞെട്ടിച്ചതിന് പിന്നാലെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസിന്റെ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഡോ.പി.സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി ഇടതുപക്ഷം പാലക്കാട് മണ്ഡലത്തില്‍ സജീവമായി.
ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തില്‍ ഇക്കുറി നറുക്ക് വീണത് പാലക്കാടിന് ചിരപരിചിതനായ സി.കൃഷ്ണകുമാറിനാണ്. കൃഷ്ണകുമാറുമായും പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായും ഇടഞ്ഞ ബിജെപിയുടെ പാലക്കാട്ടത്തെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വീണ്ടും പാലക്കാടിനെ ഞെട്ടിച്ചു.
വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക് പോയ ദിനം ഇപി ജയരാജന്‍െ ആത്മകഥയിലേതെന്ന തരത്തില്‍ ശക്തമായ ചില വിമര്‍ശങ്ങള്‍ എത്തിയിരുന്നു. ആത്മകഥാ വിവാദത്തിന്റെ ബാക്കിപത്രമായ എന്തെങ്കിലും ഇന്ന് ട്വിസ്റ്റായി എത്തുമോ എന്ന് നേതാക്കളടക്കം കാത്തിരിക്കുന്നുണ്ട്.