സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു, നീല ട്രോളി ബാഗിൽ പണം മാത്രമല്ല, തെളിവും കിട്ടിയില്ല! ‘തുടർ നടപടി വേണ്ട’

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പാലക്കാട്ട് കോണ്‍ഗ്രസ്സിനായി കള്ളപ്പണം എത്തിയെന്ന വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വിവാദമായ നീല ട്രോളി ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു ആരോപണം. സി പി എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കെ പി എം ഹോട്ടലില്‍ എത്തിച്ച ട്രോളി ബാഗില്‍ പണമാണെന്ന് പോലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്. പാലക്കാട് കെ പി എം ഹോട്ടലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയത് വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കി.

കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പോലീസ് പരിശോധന നടത്താന്‍ ശ്രമിച്ചത് അവര്‍ തടഞ്ഞിരുന്നു. പാതിരാ പരിശോധനക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ, ബിന്ദു കൃഷ്ണ എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Also Read

More Stories from this section

family-dental
witywide