
ന്യൂഡല്‍ഹി: ആറുമാസങ്ങള്‍ക്കുമുമ്പ് ഇവിടൊരു നഗരമുണ്ടായിരുന്നു. ഇപ്പോഴതില്ല, ഉള്ളത് അതിന്റെ അവശിഷ്ടങ്ങള്‍മാത്രം, പിന്നെ എങ്ങും നിറയുന്ന മരണത്തിന്റെ മണവും…തെക്കന്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറിയപ്പോള്‍ പലസ്തീനികളില്‍ പലരും തിരികെ എത്തുകയും തങ്ങളുടെ നഗരമായ ഖാന്‍ യൂനിസിന്റെ നിലവിലെ സ്ഥിതിയില്‍ ഉള്ളുപൊള്ളുകയും ചെയ്തു.
തങ്ങളുടെ സൈന്യം പിന്‍വാങ്ങുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ, തകര്‍ന്ന് തരിപ്പണമായ, തെക്കന്‍ ഗാസയിലേക്ക് പലരും തിരികെ എത്താന്‍ തുടങ്ങിയിരിക്കുകയാണ്. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസ് നിവാസികള്‍ തങ്ങളുടെ വീടുകളില്‍ ഏതെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന തിരച്ചിലിലാണ്.
ഒക്ടോബര്‍ 7-ന് മുമ്പ് ഖാന്‍ യൂനിസിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 400,000 ആളുകള്‍ താമസിച്ചിരുന്നു. മാസങ്ങള്‍ നീണ്ട ബോംബാക്രമണത്തിനും ഇസ്രായേല്‍ സൈനികരും പലസ്തീനിയന്‍ പോരാളികളും തമ്മിലുള്ള കനത്ത പോരാട്ടത്തിനും ഒടുവില്‍ പ്രദേശത്തിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. അല്‍-സലാം ആശുപത്രിയും ചുറ്റുമുള്ള മിക്കവാറും എല്ലാ കെട്ടിടങ്ങളും കത്തിനശിച്ച് നിലംപൊത്തിയ കാഴ്ചയായിരുന്നു അവിടെയുണ്ടായിരുന്നത്.
പലായനം ചെയ്തവര്‍ തങ്ങളുടെ വീട് തേടി തിരിച്ചുവരുമ്പോള്‍ അഭയം തേടിയ ടെന്റുകളേക്കാള്‍ സുരക്ഷിതമാണ് തകര്‍ന്ന വീടിനോട് ചേര്‍ന്ന് ഉറങ്ങുന്നതെന്നാണ് പറയുന്നത്.
ആയിരക്കണക്കിന് ഹമാസ് പോരാളികളെ കൊന്നൊടുക്കിയതിനൊടുവില്‍ ഞായറാഴ്ച തെക്കന്‍ ഗാസ നഗരത്തില്‍ നിന്ന് തങ്ങളുടെ 98-ാമത്തെ കരസേനയെ പിന്‍വലിച്ചതായി ഇസ്രായേലി സൈന്യം പറഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതോടെയാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേലിന്റെ പ്രതികാര ആക്രമണത്തില്‍ ഗാസയില്‍ കുറഞ്ഞത് 33,175 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
















