തമിഴ്‌നാട്: പന്തല്ലൂരില്‍ കഴിഞ്ഞ മൂന്നു വയസ്സുകാരി ആക്രമിച്ചു കൊലപ്പെടുത്തി പുലിയെ പിടികൂടി. കുട്ടിയുടെ മരണത്തിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് കൂടുതല്‍ പുലികളുടെ സാന്നിധ്യമുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്‌നപരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ മരണത്തിനു പിന്നാലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കടകള്‍ അടച്ചിട്ട് വ്യാപകാരികള്‍ പ്രതിഷേധിച്ചിരുന്നു. പുലിയെ വെടിവെച്ചു കൊല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം എറ്റുവാങ്ങില്ലെന്ന് കുടുംബവും പ്രതികരിച്ചു. പ്രതിഷേധക്കാര്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളുടെ അതിര്‍ത്തികളില്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് വാഹനങ്ങള്‍ തടഞ്ഞത്.
പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. ഇതുവരെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.