
ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കെതിരെയുള്ള തെളിവുകൾ ഈ ഘട്ടത്തിൽ ഹാജരാക്കാൻ സാധിക്കില്ലെന്ന് അമേരിക്ക. നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തെളിവുകൾ ഹാജരാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് ജനുവരി എട്ടിന് ന്യൂയോർക്ക് ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു.
നിഖിൽ ഗുപ്തയുടെ അപേക്ഷ നിരസിക്കണമെന്ന നിലപാടിലാണ് സർക്കാർ. നിഖിൽ ഗുപ്ത നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുകയാണ്. അമേരിക്കയുടെ അഭ്യർഥനപ്രകാരമാണ് നിഖിലെ അവിടെ പിടികൂടിയത്. കൈമാറ്റം നടന്ന് നിഖിലെ ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കി വിചാരണ ആരംഭിക്കുമ്പോൾ മാത്രമേ വിവരങ്ങൾ നൽകൂവെന്നാണ് യുഎസ് സർക്കാർ അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം തെളിവുകൾ നൽകേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 52 കാരനായ ഗുപ്തയെ യുഎസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 2023 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
അതേസമയം നിഖില്‍ ഗുപ്തയ്ക്ക് കോണ്‍സുലര്‍ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഈ മാസം സുപ്രീം കോടതി തള്ളിയിരുന്നു. വിഷയം സെന്‍സിറ്റീവ് ആണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ‘ഇത് ഒരു അന്താരാഷ്ട്ര വിഷയമാണ്, എല്ലാ വശങ്ങളും വിയന്ന കണ്‍വെന്‍ഷന്റെ പരിധിയില്‍ വരും. കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചില്ലെങ്കില്‍, അധികാരികളെ നേരിട്ട് സമീപിക്കാം. എന്നാല്‍, നിങ്ങളുടെ പട്ടിക പ്രകാരം, നിങ്ങള്‍ക്ക് രണ്ട് തവണ കോണ്‍സുലാര്‍ പ്രവേശനം ലഭിച്ചു, ”നിഖില്‍ ഗുപ്തയുടെ അഭിഭാഷകന് മറുപടിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതേസമയം ഹര്‍ജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാന്‍ അവകാശമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സുന്ദരം വാദിച്ചു. ‘നിങ്ങള്‍ ഞങ്ങളുടെ അധികാരപരിധിയിലായിരിക്കുമ്പോള്‍ ഇത് ബാധകമാണ്. ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്, ഇത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ’ ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.














