പാനൂർ ബോംബ് സ്ഫോടനം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ ഷെറിലിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രാദേശിക തര്‍ക്കങ്ങളാകാം ബോംബ് നിര്‍മാണത്തിലേക്ക് നയിച്ചതെന്നും ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു സംഭവത്തില്‍ സിപിഎമ്മിന്റെ വാദം. കേസിലെ ആറ്, ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഒരാള്‍ മരിക്കാനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവ് അമല്‍ ബാബു ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡി.വൈ.എഫ്.ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാൽ, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസിൽ പിടിയിലായ 12 പ്രതികളും സിപിഎം പ്രവർത്തകരാണ്.

അമല്‍ ബാബു അറസ്റ്റിലായപ്പോള്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയായ അയാള്‍ രക്ഷാപ്രവര്‍ത്തനം മാത്രമാണ് നടത്തിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. അമല്‍ ബാബു സംഭവസ്ഥലത്തെത്തുകയും അവിടെ നിര്‍മിച്ചുവച്ച ഏഴ് ബോംബുകള്‍ ഒളിത്താവളത്തിലേക്ക് മാറ്റുകയും ചെയ്‌തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നീട് ഇയാള്‍ വീണ്ടും സംഭവസ്ഥലത്തേക്ക് എത്തി ബോംബ് നിര്‍മിച്ചയിടം മണ്ണുകൊണ്ട് മറച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

More Stories from this section

family-dental
witywide