
ദില്ലി: ദേശീയ തലത്തിൽ കോൺഗ്രസിന് ഒരു സന്തോഷദിനമായി ഇന്ന് മാറുകയാണ്. രണ്ട് പ്രമുഖ നേതാക്കളാണ് കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ഇന്ന് തീരുമാനിച്ചത്. ബി എസ് പി മുൻ നേതാവ് ഡാനിഷ് അലിയും ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവമാണ് കോൺഗ്രസിലേക്കെത്തുന്നത്.
പപ്പു യാദവിന്‍റെ ജൻ അധികാർ പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിനൊപ്പം പ്രവർത്തിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പപ്പുവിന്‍റെ വരവ് കോൺഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറിലെ പുർണിയയിൽ നിന്ന് പപ്പു യാദവ് മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
ബി എസ് പി നേതാവ് ഡാനിഷ് അലിയാകട്ടെ പാർട്ടിയുമായി ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു. അതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തതോടെ കോൺഗ്രസിലേക്കുള്ള യാത്ര ഉറപ്പായിരുന്നു. രാഹുലിന്‍റെ യാത്രയിൽ പങ്കെടുത്തത് അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് ബി എസ് പി ഡാനിഷ് അലിയെ പുറത്താക്കിയത്. യു പിയിലെ അംരോഹ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ഡാനിഷ് അലി മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
Pappu Yadav and sDanish Ali Joins Congress Ahead Of Lok Sabha Polls 2024