
ന്യൂജേഴ്‌സി: കാലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികളായ 4 പേരുടെ മരണവാർത്തയുടെ നടുക്കം മാറും മുമ്പേ അമേരിക്കൻ മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു കൊലപാതകം. പാരാമസിൽ കൊല്ലപ്പെട്ട 61കാരനായ വിരുത്തികുളങ്ങര മാനുവൽ വി. തോമസിനെ കൊലപ്പെടുത്തിയത് മകൻ മെൽവിൻ തോമസ്. കൊലപാതക വിവരം പൊലീസിനെ വിളിച്ച് അറിയിച്ചതും മെൽവിൻ തന്നെ. കോട്ടയം കല്ലറ സ്വദേശിയായിരുന്നു മാനുവൽ.
വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് കൊലപാതകം നടന്നത്. രണ്ടുദിവസത്തിന് ശേഷം ഫെബ്രുവരി 16ന് പിതാവിനെ കൊലപ്പെടുത്തിയ വിവരം മെൽവിൽ പൊലീസിൽ വിളിച്ചു പറഞ്ഞ് കീഴടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 5.30നാണ് മെൽവിൻ പൊലീസിൽ വിവരം അറിയിച്ചത്.
വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരും ഡിപ്പാർട്ട്‌മെൻ്റിൻ്റെ എമർജൻസി സർവീസസ് യൂണിറ്റിലെ അംഗങ്ങളും മറ്റുള്ളവരും ഫോറസ്റ്റ് അവന്യൂവിനടുത്തുള്ള 693 ബ്രൂസ് ഡ്രൈവിലെത്തി. എന്നാൽ വാതിൽ മുട്ടിയിട്ടും തുറക്കാതായപ്പോൾ ബലം പ്രയോഗിച്ച് വാതിൽ തുറന്നാണ് ഉദ്യോഗസ്ഥർ അകത്തേക്കു കയറിയത്. മാനുവൽ തോമസിൻ്റെ മൃതദേഹം ബേസ്‌മെൻ്റിൽ ഒന്നിലധികം കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി ബെർഗൻ കൗണ്ടി പ്രോസിക്യൂട്ടർ മാർക്ക് മുസെല്ല പറഞ്ഞു.
കൊലപാതകമാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയില്ല. മാനുവൽ തോമസിൻ്റെ (61) മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പാരാമസിലെ 693 ബ്രൂസ് ഡ്രൈവിലെ വീട് പൊലീസ് നിയന്ത്രണത്തിലായി.
പ്രതി മെൽവിൻ ബറോ പോലീസിന് കീഴടങ്ങി. ഉദ്യോഗസ്ഥർ ഇയാളെ പ്രോസിക്യൂട്ടറുടെ മേജർ ക്രൈംസ് യൂണിറ്റിന് കൈമാറി.
കൊലപാതകത്തിനുപുറമെ, മൃതദേഹത്തെ അപമാനിക്കൽ, ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് തടസപ്പെടുത്തൽ, ആയുധം ഒളിപ്പിച്ചു വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മെൽവിൻ തോമസിനെതിരെ അധികൃതർ ചുമത്തിയത്.
ഹാക്കൻസാക്കിലെ സെൻട്രൽ ജുഡീഷ്യൽ പ്രോസസിംഗ് കോടതിയിൽ ഹാജരാകുന്നതിനായി മെൽവിൻ തോമസിനെ ബെർഗൻ കൗണ്ടി ജയിലിലേക്ക് അയച്ചു.
കൊല്ലപ്പെട്ട മാനുവൽ തോമസിന്റെ ഭാര്യ ലിസി 2021ൽ മരണപ്പെട്ടു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. രണ്ട് ആൺമക്കൾ, മെൽവിൻ, ലെവിൻ, 31, ഒരു മകൾ, ആഷ്ലി.
ബർഗൻ കൗണ്ടി ഷെരീഫിൻ്റെ ബ്യൂറോ ഓഫ് ക്രിമിനൽ ഐഡൻ്റിഫിക്കേഷൻ തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ മകൾ ആഷ്ലിയെ സംഭവസ്ഥലത്തെത്തിച്ചു.