
പാരീസ്: മൊറോക്കോയ്ക്കെതിരായ ഒളിമ്പിക് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തിനു മുമ്പ് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നുവെന്ന് പരാതി. മോഷണം നടന്നെന്ന് മനസിലാക്കിയ ടീം ലിയോണില്‍ പൊലീസിന് പരാതി നല്‍കി. ബുധനാഴ്ചയാണ് മോഷണം നടന്നത്. ടീം പരിശീലകന്‍ ഹാവിയര്‍ മഷെറാനോയാണ് ഇക്കാര്യം അറിയിച്ചത്.
ടീം പരിശീലനത്തിന് പോയിരുന്ന സമയത്തായിരുന്നു കവര്‍ച്ച. താരങ്ങളുടെ വിലപിടിപ്പുള്ള വാച്ചുകളും ഫോണുകളും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായും പരാതിയിലുണ്ട്. നേരത്തേ ഒളിമ്പിക്സ് കാണാനെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയേയും പാരീസില്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. താരത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ നിന്ന് മോഷ്ടാക്കള്‍ കവരുകയായിരുന്നു.
വെള്ളിയാഴ്ച സീക്കോ ഫ്രഞ്ച് പോലീസില്‍ പരാതി നല്‍കി. ഏകദേശം നാലരക്കോടിയോളം (5,00000 യൂറോ) രൂപയുടെ വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ഒളിമ്പിക്സ് ടീമിന്റെ അതിഥിയായി പാരീസിലെത്തിയതാണ് സീക്കോ.