
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെയാണ് വിനേഷ് മെഡലുറപ്പിച്ചത്. ചൊവ്വാഴ്ച നടന്ന സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെതിരെ തിളക്കമാർന്ന ജയം (5-0) സ്വന്തമാക്കിയാണ് താരത്തിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിനേഷ് ആക്രമണ ശൈലി സ്വീകരിച്ചു. ആദ്യ മൂന്ന് മിനിറ്റിൽ ഇന്ത്യൻ താരം ഒരു പോയിന്റിന് മുന്നിലായി. രണ്ടാം പകുതിയിൽ എതിരാളിയെ രണ്ട് തവണ വീഴ്ത്താൻ വിനേഷ് ശ്രമിച്ചുകൊണ്ട് സ്കോർ നാല് പോയിന്റ് കൂടി വർദ്ധിപ്പിച്ചു. ഇതോടെ ആറ് മിനിറ്റ് പൂർത്തിയായപ്പോൾ വിനേഷ് 5-0 ത്തിന്റെ വിജയവും നേടി.
ഇന്ന് നടക്കുന്ന ഫൈനലിൽ വിനേഷ് ഫോഗട്ട് അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻ്റിനെ നേരിടും. നേരത്തേ ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ വീഴ്ത്തിയായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. അതിനു മുമ്പ് നടന്ന പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് താരം ഏവരേയും ഞെട്ടിച്ചിരുന്നു. ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായിരുന്നു യുയി സുസാക്കി. അന്താരാഷ്ട്ര തലത്തില്‍ സുസാക്കിയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന 82 അന്താരാഷ്ട്ര മത്സരങ്ങളിലും ജപ്പാന്‍ താരം തോല്‍വിയറിഞ്ഞിരുന്നില്ല.