
ഡൽഹി: പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി എംപി ഹേമങ് ജോഷിയുടെ പരാതിയിൽ ഡൽഹി പൊലീസാണ് രാഹുലിനെ കേസെടുത്തത്. നിയമോപദേശം ലഭിച്ച ശേഷമാണ് പൊലീസ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അമിത് ഷായുടെ അംബേദ്കര്‍ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എം പിമാരും പ്രതിപക്ഷ എം പിമാരും രാവിലെ ഏറ്റുമുട്ടിയത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് നടന്ന മാര്‍ച്ചിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.