‘റിവ്യൂ ബോംബിങ്’: തുടര്‍നടപടികളില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: ‘റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രത്യേക വെബ്പോര്‍ട്ടല്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. റിവ്യൂ ബോംബിങ്ങ് നടത്തി സിനിമകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ പങ്കുവെക്കാവുന്ന തരത്തില്‍ പ്രത്യേക വെബ്പോര്‍ട്ടല്‍ ആവശ്യമെങ്കില്‍ ആരംഭിക്കാനാണ് കോടതി നിര്‍ദ്ദേശം.

റിവ്യൂ ബോംബിങ് ചെറുക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ പ്രോട്ടോക്കോള്‍ സംസ്ഥാന പൊലീസ് മേധാവി നേരത്തെ തന്നെ കോടതിക്ക് നല്‍കിയിരുന്നു. റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെ ഓണ്‍ലൈന്‍ വ്ലോഗര്‍മാര്‍ അടക്കം നടത്തുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ നിരവധി ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് വിഷയത്തില്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്.

വെബ് പോര്‍ട്ടല്‍ പോലുള്ളവ ആവശ്യമാണോ എന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ഫെബ്രുവരി 13 ന് പരിഗണിക്കാന്‍ മാറ്റിവെച്ചു. ഭീഷണി, ബ്ലാക്മെയില്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള സിനിമാ റിവ്യൂകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

More Stories from this section

family-dental
witywide