
ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ മഴയിലും കൊടുങ്കാറ്റിലും കാലിഫോർണിയ മോണ്ടെറി കൗണ്ടി, റോക്കി ക്രീക്ക് പാലത്തിന് സമീപം ഹൈവേ 1 ൻ്റെ ഒരു ഭാഗം തകർന്ന് ഇടിഞ്ഞു വീണു. ഇത് ഈ വഴിയുള്ള യാത്ര ദുഷ്കരമാക്കിയിരിക്കുകയാണ്. ഒരു ലെയ്ൻ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതി മാത്രമേ റോഡിനുള്ളു. ഈ ഭാഗത്തുകൂടി കോൺവോയ് ആയാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
കാലിഫോർണിയ ഹൈവേ വണ്ണിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. ഒരു വശത്ത് താഴെ സമുദ്രവും മറുവശം മനോഹരമായ മലനിരകളുമാണ്. മോണ്ടെറിയിൽ നിന്ന് 17 മൈൽ അകലെ റോഡ് തകർന്ന് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ആ വഴിയുള്ള ഗതാഗതം തടഞ്ഞു. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി തകർച്ചയുടെ വ്യാപ്തി മനസ്സിലാക്കി. പിന്നീടാണ് ഒരു ലെയ്ൻ വഴി യാത്ര അനുവദിച്ചത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞുള്ള അപകടത്തെ തുടർന്ന് 1600 യാത്രക്കാർ വഴിയിൽ കുടുങ്ങി. 600 കാറുകൾ യാത്രയ്ക്ക് അവസരം കാത്ത് കിടിക്കുകയായിരുന്നു. പിറ്റേന്ന് ഈസ്റ്ററായിരുന്നതിനാൽ എല്ലാവരും ഉല്ലാസയാത്രയുടെ സന്തോഷത്തിലായിരുന്നു. പക്ഷേ പലരും ആ യാത്ര രാത്രി ഹൈവേയിൽ കാറിൽ ഉറങ്ങി തീർക്കേണ്ടി വന്നു . ഹൈവേയ്ക്ക് സമീപമുണ്ടായിരുന്ന ലോഡ്ജുകളും റിസോർട്ടുകളും ഭക്ഷണവും ശുചിമുറി സൌകര്യങ്ങളും ഒരുക്കിയിരുന്നു.
Partial collapse of California’s Highway 1 leaves people stranded