ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദ്ദിച്ച യാത്രക്കാരന് ജാമ്യം, വിഷയത്തില്‍ ഇടപെട്ട് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: കനത്ത മഞ്ഞ് കാരണം ഇന്‍ഡിഗോ വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ ശാരീരികമായി മര്‍ദ്ദിച്ച യാത്രക്കാരന് ജാമ്യം. ആക്രമണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ (6ഇ-2175) മൂടല്‍മഞ്ഞ് കാരണം 13 മണിക്കൂറുകളോളം വൈകിയതാണ് സംഭവത്തിന് കാരണം. സഹില്‍ കതാരിയ എന്ന യാത്രക്കാരനാണ് കോ പൈലറ്റ് അനുപ് കുമാറിനെ ആക്രമിച്ചത്.

സംഭവത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എത്തിയിരുന്നു. ‘അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ സംഭവങ്ങള്‍ അസ്വീകാര്യമാണ്, നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതിനെ ശക്തമായി കൈകാര്യം ചെയ്യും,’ സിന്ധ്യ എക്‌സിലൂടെ പറഞ്ഞു.

അതേസമയം, ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞും ശീതതരംഗവും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇത് കര-വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ – വിമാന യാത്രകള്‍ക്കായി മണിക്കൂറുകറോളം കാത്തിരിക്കേണ്ടി വരുന്നത് ആളുകളെ അക്ഷമരാക്കുന്നുണ്ട്.