
ന്യൂയോർക്ക്: അസംസ്കൃത പാൽ പക്ഷിപ്പനിക്ക് കാരണമാകുന്നുവെന്ന് ഗവേഷകർ. യുഎസിൽ, അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പക്ഷിപ്പനി കേസുകളിൽ വില്ലനായത് പാലുൽപ്പന്നങ്ങളാണ്. പക്ഷിപ്പനി വൈറസ് ഗണ്യമായ അളവിലുണ്ടെങ്കിൽ പാസ്ചറൈസ് ചെയ്താൽ പോലും ഇവ പാലിൽ നിന്ന് പോകില്ലെന്നാണ് പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യു.എസ്. ഗവൺമെൻ്റിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് (NIAID) റോക്കി മൗണ്ടൻ ലബോറട്ടറിയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇത് ലബോറട്ടറിയിലെ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ഗവേഷണ ഫലമാണെന്നും ഇതിനെ മാത്രം മുൻനിർത്തി യുഎസിലെ പാൽ വിതരണത്തിൻ്റെ സുരക്ഷയെക്കുറിച്ച് ഒരു നിഗമനത്തിലും എത്തിച്ചേരരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വൈറസ് ഉള്ള അസംസ്കൃത പാലുമായി താരതമ്യം ചെയ്യുമ്പോൾ, H5N1 ഇൻഫ്ലുവൻസ ബാധിച്ച പശുക്കളുടെ പാലിന്റെ ഘടന വ്യത്യസ്തമാകാമെന്നും കോശങ്ങൾക്കുള്ളിൽ വൈറസ് അടങ്ങിയിരിക്കാമെന്നും ഗവേഷകർ പറഞ്ഞു. മാർച്ചിൽ അമേരിക്കൻ കറവപ്പശുക്കൾക്ക് പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പാലിൻ്റെ പാസ്ചറൈസ്ഡ് റീട്ടെയിൽ സാമ്പിളുകൾ സർവേ നടത്തി, യു.എസ് പാൽ വിതരണത്തിൻ്റെ അഞ്ചിലൊന്ന് വൈറസിൻ്റെ അംശം ഉള്ളതാണെന്ന് കണ്ടെത്തിയിരുന്നു. പാസ്ചറൈസ് ചെയ്ത പാൽ കുടിക്കുന്നത് സുരക്ഷിതമാണെന്നും ഏജൻസി അറിയിച്ചിരുന്നു.
യുഎസിലെ ഒമ്പത് സംസ്ഥാനങ്ങളിലായി 58 കന്നുകാലികളിലേക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. രണ്ട് മനുഷ്യരിലും പക്ഷിപ്പനി പകര്‍ന്നിരുന്നു. ഇതിന് പിന്നാലെ അസംസ്കൃത പാൽ കുടിക്കരുതെന്ന് ഫെഡറൽ അധികാരികളും ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അസംസ്കൃത പാൽ ഇപ്പോഴും യുഎസിൽ വിൽക്കുന്നുണ്ട്.