
കലിഫോർണിയ/തിരുവല്ല: ഐപിസി സീനിയർ ശുശ്രൂഷകനും കേരളാ സ്റ്റേറ്റ് മുൻ പ്രസിഡന്റുമായ പാസ്റ്റർ എം.വി.വർഗീസ് (ബേബിച്ചൻ -100) അന്തരിച്ചു. സംസ്കാരം ശനി (ജൂൺ 1) 9ന് ശുശ്രൂഷക്ക് ശേഷം 2ന് വീയപുരം-പായിപ്പാട് ഐപിസി ബഥേൽ സഭാ സെമിത്തേരിയിൽ.
പാസ്റ്റർ എം.വി.വർഗീസ് ഐപിസി സഭയുടെ ആദ്യ വിദേശമിഷണറിയാണ്. വീയപുരം സഭയുടെ സ്ഥാപകനാണ്. ഐപിസി കേരള സ്റ്റേറ്റ് വൈസ് വൈസ് പ്രസിഡന്റായും മിഷൻ ബോർഡ് ചെയർമാനായും സഭയ്ക്കായി മികച്ച സേവനം ചെയ്തു. ഐപിസി യിലെ പ്രമുഖ സെന്റർ ശുശ്രൂഷകനും പതിറ്റാണ്ടുകളായി വേദാധ്യാപകനുമായിരുന്നു. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി വീയപുരം മേക്കാട്ട് കുടുംബത്തിൽ ജനിച്ചു.
കുമ്പനാട് ഹെബ്രോൻ ബൈബിൾ സ്ക്കൂളിലെ പഠനാനന്തരം 1954-ൽ നിരണം സഭാശുശ്രൂഷകനായി നിയമിതനായി. 1955-ൽ സിംഗപ്പൂരിലേക്ക് കുടുംബമായി മിഷണറിയായി പോയി. ഐപിസി വിദേശത്തേക്ക് അയച്ച ആദ്യത്തെ മിഷണറിയാണ് പാസ്റ്റർ എം.വി.വർഗീസ്. പത്തുവർഷം സിംഗപ്പൂരിൽ സഭാശുശ്രൂഷയ്ക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തി. തിരുവല്ല, റാന്നി വെസ്റ്റ്, ആലപ്പുഴ എന്നീ സെന്ററുകളുടെ ചീഫ് പാസ്റ്റർ ആയിരുന്നു. ദീർഘവർഷങ്ങൾ ഐപിസി ജനറൽ, സ്റ്റേറ്റ് കൗൺസിലുകളിൽ അംഗമായിരുന്നു.
ഭാര്യ: മാരാമൺ പൊൻമേലിമണ്ണിൽ പരേതയായ കുഞ്ഞമ്മ വർഗീസ്. മക്കൾ: പാസ്റ്റർ ജോർജ് മേക്കാട്ട് (ഐപിസി യുപി സ്റ്റേറ്റ് മുൻ പ്രസിഡൻ്റ്), എം.വി.ഫിലിപ്പ് (ഐപിസി ജനറൽ കൗൺസിൽ അംഗം), ആനി ജോൺസൺ (കലിഫോർണിയ), ജെസി ഏബ്രഹാം (വാഴൂർ). മരുമക്കൾ: മാവേലിക്കര കാങ്കാലിൽ കിഴക്കേതിൽ അന്നമ്മ ജോർജ് (യുഎസ്), കോട്ടയം പാറമ്പുഴ അമ്പലത്തിങ്കൽ ശോഭ, വെട്ടിയാർ നെടുങ്കണ്ടത്തിൽ ജോൺസൻ വർഗീസ് (യുഎസ്), വാഴൂർ വേലിയ്ക്കകത്ത് രാജു.
ജോളി














