ചട്ടലംഘന പരാതിയിൽ ഐസക്കിനോട് വിശദീകരണം തേടി കളക്ടർ, ‘കുടുംബശ്രീ’ വോട്ട് ചോദിച്ചതിൽ തെറ്റില്ലെന്ന് ഐസക്ക്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന യു ഡി എഫ് പരാതിയിൽ പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാ‍ർഥി ഡോ. തോമസ് ഐസക്കിനോട് ജില്ലാ കളക്ടർ വിശദീകരണം തേടി. കുടുംബശ്രീ വായ്പയുടെ പേരിലും കെ ഡിസ്ക് വഴി തൊഴിൽ വാഗ്ദാനം ചെയ്തും ഐസക്ക് വോട്ടുതേടിയെന്നുമായിരുന്നു യു ഡി എഫ് പരാതി. ഈ പരാതിയിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ഐസക്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കുടുംബശ്രീ യോഗം നടക്കുമ്പോൾ അവിടെ പോയി സ്ഥാനാർഥി എന്ന നിലയിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും താൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകുമെന്നും പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാ‍ർഥി വ്യക്തമാക്കി. ജനകീയ പരിപാടികൾ യു ഡി എഫ് ക്യാമ്പിനെ അലട്ടുന്നുവെന്നും ഐസക്ക് പ്രതികരിച്ചു. അതേസമയം ഐസക്കിന്‍റെ വിശദീകരണം കിട്ടിയ ശേഷം മാത്രമേ തുടർ നടപടി തീരുമാനിക്കു എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ

പന്തളം തെക്കേക്കര പഞ്ചായത്തിലെ കുടുംബശ്രീ സെമിനാറിൽ പങ്കെടുത്ത ഡോ. തോമസ് ഐസക് വനിതാ വികസന കോർപറേഷനിൽ നിന്ന് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കരാർ ഒപ്പിട്ടു നൽകാൻ നിർബന്ധിച്ചെന്നതാണ് യു ഡി എഫിന്‍റെ ഒരു പരാതി. കെ ഡിസ്ക് വഴി കൺസൾട്ടന്‍റുമാരെ നിയമിച്ച് തൊഴിൽ വാഗ്ദാനം ചെയ്തെന്ന മറ്റൊരു പരാതിയും യു ഡി എഫ് നൽകിയിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടായിരിക്കുന്നത്.

Pathanamthitta Collector seeks explanation from Thomas Isaac for alleged election conduct violation

More Stories from this section

family-dental
witywide