
പത്തനംതിട്ട: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന പെരുമഴക്കിടെ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയും നിറയുകയാണ്. നാളെ അവധിയുണ്ടോ എന്നത് തന്നെയാണ് കമന്‍റിടുന്നവർക്ക് പ്രധാനമായും അറിയാനുള്ളത്. അതിശക്ത മഴയെ തുടർന്ന് ഇന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നാളെയും അവധിയുണ്ടോയെന്ന ചോദ്യങ്ങളോടെയുള്ള കമന്‍റ് മഴ ശക്തമായത്. രക്ഷിതാക്കളും വിദ്യാർഥികളുമടക്കകം നിരവധിപ്പേരാണ് കളക്ടർ മാരുടെ പേജുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയുണ്ടോ എന്നന്വേഷിച്ചെത്തുന്നത്. ഇന്ന് അവധിയുണ്ടായിരുന്ന പത്തനംതിട്ട കളക്ടറുടെ പേജിലും നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ സഹികെട്ട് കളക്ടർ പുതിയ പോസ്റ്റ് തന്നെ മറുപടിയായി നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
കാലാവസ്ഥ പ്രവചനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നാളെ അവധിയില്ലെന്നാണ് കളക്ടർ പോസ്റ്റിട്ടത്. ‘ഗ്രീൻ ആണ് മക്കളെ… ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു’ എന്ന കമന്‍റോടുകൂടിയാണ് കളക്ടർ രംഗത്തെത്തിയത്. കളക്ടറുടെ കുറിപ്പാണെങ്കിൽ വൈകാതെ തന്നെ വൈറലുമായി. നിരവധിപ്പേരാണ് പത്തനംതിട്ട കളക്ടറുടെ ഈ കമന്‍റിന് മറുപടി നൽകിയിരിക്കുന്നത്. മറുപടി കമന്‍റിലും അവധി ആവശ്യം കുറഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.