
വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് 2,500 ഓളം വരുന്ന സൈനികരെ പിന്‍വലിക്കാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെന്റഗണ്‍ തിങ്കളാഴ്ച അറിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച ബാഗ്ദാദ് പ്രഖ്യാപിച്ചതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികളൊന്നും അറിയില്ലെന്നും ഐസിസിനെ പരാജയപ്പെടുത്താനുള്ള ദൗത്യത്തില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നുവെന്നും എയര്‍ഫോഴ്‌സ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് യുഎസ് സേന ഇറാഖിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് സൈനികരെ നീക്കം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതിരോധ വകുപ്പിന് ബാഗ്ദാദ് നല്‍കിയ അറിയിപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് റൈഡര്‍ പറഞ്ഞു.
ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് യുഎസ് സേനയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ ഓഫീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ഉത്തരവാദിയായ ഒരു മിലിഷ്യ നേതാവിനെ ഈ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി പെന്റഗണ്‍ പറഞ്ഞിരുന്നു.
പ്രസിഡന്റ് ജോ ബൈഡനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചേര്‍ന്ന് ആക്രമണത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്ന പ്രാദേശിക ശക്തികളെ സഹായിക്കുന്ന ഒരു ദൗത്യത്തില്‍ യുഎസിന് ഇറാഖിലെ സൈനികര്‍ക്ക് പുറമേ സിറിയയിലും 900 സൈനികരുണ്ട്.
ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം, ഇറാഖിലും സിറിയയിലും യുഎസ് സൈന്യം 100 തവണയെങ്കിലും ആക്രമണത്തിന് വിധേയരായിട്ടുണ്ട്, സാധാരണയായി റോക്കറ്റുകളുടെയും വണ്‍-വേ ആക്രമണ ഡ്രോണുകളുടെ രീതിയിലുമാണ് ആക്രമണം വരാറുള്ളത്.
കഴിഞ്ഞ മാസം, ഇത്തരത്തിലുള്ള ഒരു ആക്രമണത്തില്‍ ഒരു യുഎസ് സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുകയും മറ്റ് രണ്ട് പേര്‍ക്കും പരിക്ക് പറ്റുകയും ചെയ്തതിന് ശേഷം അമേരിക്കയും ഇറാഖില്‍ പ്രതികാരമായി വ്യോമാക്രമണം നടത്തിയിരുന്നു.