
കൊച്ചി: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. ശിക്ഷയിൽ ഇളവ് തേടിയ പ്രതി അസാം സ്വദേശി അമിറുൾ ഇസ്ലാമിന്‍റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. ഇന്ന് കേസ് പരിഗണിക്കവെയാണ് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
2016 ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി തള്ളിയത്.