
ക്രൈസ്തവ ദേവാലയങ്ങളിലും ലോകം മുഴുവനുമുള്ള ക്രിസ്തീയ കുടുംബങ്ങളിലും ഇന്നു പെസഹ വ്യാഴം ആചരിക്കുകയാണ്. യേശു കുരിശുമരണം വരിക്കുന്നതിനു മുൻപായി തന്റെ ശിഷ്യർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും അതിനു മുൻപായി അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ പുതുക്കലാണു പെസഹ വ്യാഴം. ദേവാലയങ്ങളിൽ ഇന്നു വൈദികർ ക്രിസ്തുവിനെ അനുകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കഴുകി ചുംബിക്കും. നാളെ ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഡാനുഭവ ശുശ്രൂഷയും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും.
ഈജിപ്തിൽ ഫറവോയുടെ അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ട് വാഗ്ദത്തഭൂമിയായ കാനാൻ ദേശത്തേക്കുള്ള ഇസ്രയേൽ ജനത്തിൻ്റെ പുറപ്പാടിൻ്റെ ഓർമപുതുക്കലാണ് പഴയ നിയമത്തിലെ പെസഹ. പെസഹ എന്ന ഹീബ്രു വാക്കിന്റെ അർഥം കടന്നു പോകൽ ( pass over) എന്നാണ്. ജൂത സമൂഹവും പെസഹ ആഘോഷിക്കും. മലയാളികല്ലാത്ത എല്ലാവരും തന്നെ പെസഹ അപ്പം – Pass Over Bread ഉണ്ടാക്കുന്നത് ഗോതമ്പ് മാവുകൊണ്ടാണ്. എന്നാൽ മലയാളികൾ പാരമ്പര്യമായി അരിമാവുകൊണ്ടാണ് അപ്പമുണ്ടാക്കുന്നത്.
പെസഹാ വ്യാഴത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വിഭവമാണ് കുരിശ് അപ്പവും പാലും. ഭക്തിയുടോയെയും ശ്രദ്ധയോടെയും ശുദ്ധിയോടെയും ഉണ്ടാക്കുന്ന ആചാരപരമായ അപ്പമാണിത്. തേങ്ങാപ്പാലുകൊണ്ട് ഉണ്ടാക്കുന്ന പാനീയത്തിൽ മുക്കിയാണ് ഇത് കഴിക്കുക. വീട്ടിലെ മുതിർന്ന കാരണവർ പ്രാർഥനാ പൂർവം ഈ അപ്പം മുറിച്ച് വീട്ടിലെ എല്ലാവർക്കും നൽകും.
ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും കിട്ടുന്ന വെഞ്ചിരിച്ച കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി അപ്പം പുഴുങ്ങുന്നതിനു മുമ്പേ മാവിന്‍റെ മുകളിൽ വയ്ക്കാറുണ്ട്. ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്. പുളിയാത്തപ്പം എന്നും ഇതിനു പേരുണ്ട്. പല ദേശങ്ങൾക്ക് അനുസരിച്ച് അപ്പത്തിന്റെ പാചകത്തിലും വ്യത്യാസമുണ്ട്. ചിലർ പുഴുങ്ങിയാണ് ഉണ്ടാക്കുക, ചിലർ അപ്പം ചുട്ടെടുക്കും. ചേരുവകൾ എല്ലാം ഒന്നു തന്നെ.
എന്തായാലും അപ്പം ഉണ്ടാക്കും മുമ്പ് വീടും പരിസരവും വൃത്തിയാക്കിയിരിക്കണം. പ്രാർഥനാ പൂർവമാണ് അപ്പം ഉണ്ടാക്കാൻ തുടങ്ങുന്നതു തന്നെ.
പെസഹ അപ്പം
പച്ചരി – 2 കപ്പ്, ഉഴുന്ന് – 1 കപ്പ്, വെള്ളം – 2½ കപ്പ്, തേങ്ങ ചിരകിയത് – 2 കപ്പ് , ജീരകം -¼ ടീസ്പൂൺ, വെളുത്തുള്ളി – 3 അല്ലി, ചെറിയ ഉള്ളി – 5 എണ്ണം, ഉപ്പ് – ½ ടീസ്പൂൺ
തയാറാക്കുന്ന വിധം : നാല് മണിക്കൂര്‍ നേരം കുതിർത്തു വച്ച പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി വെള്ളം വാർത്തു വയ്ക്കുക. പിന്നീട് അരി അല്പം വെള്ളംചേർത്ത് നന്നായി അരച്ചെടുക്കുക. (ഉഴുന്ന് വറുത്ത് പൊടിച്ചു ചേർക്കുന്നവരുമുണ്ട്. ) ഉഴുന്ന്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. തേങ്ങ ഒന്ന് ഒതുക്കിയെടുത്താൽ മതി. എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് അൽപം ഉപ്പും ചേർത്ത് ഒരു മണിക്കൂർ മൂടി വയ്ക്കുക. സ്റ്റീൽ പാത്രത്തില്‍ വെളിച്ചെണ്ണ പുരട്ടി അതിലേക്ക് മാവ് പകരുക. മുകളിൽ ഓശാനയ്ക്ക് കിട്ടിയ കുരുത്തോല കൊണ്ട് കുരിശുണ്ടാക്കി വയ്ക്കുക. വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ ആവിയിൽ പുഴുങ്ങിയെടുക്കുക. പെസഹാ അപ്പം തയാർ.
അരിപ്പൊടി ഉപയോഗിച്ചാണ് തയാറാക്കുന്നതെങ്കിൽ ചൂടുവെള്ളം ചേർത്ത് കുഴയ്ക്കാൻ മറക്കരുത്.
ഇതേ അപ്പക്കൂട്ടു തന്നെ വാഴയിലയിൽ പൊതിഞ്ഞ് അടയുണ്ടാക്കുന്നപോലെ പുഴുങ്ങിയെടുക്കും. അതിന് ഇൻറി അപ്പം എന്നാണ് പറയുക. അയൽവീടുകളിലെല്ലാം ഇൻറി അപ്പം വിതരണം ചെയ്യുന്ന പതിവ് ചിലയിടത്തുണ്ട്.
കുറച്ച് ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും വറുത്ത് ഇതേ മാവിൽ ചേർത്ത് ചട്ടിയിൽ എണ്ണയൊഴിച്ച് മാവൊഴിച്ച് മറ്റൊരു ചട്ടികൊണ്ടു മൂടിവച്ച് ചുട്ടെടുത്താൽ കലത്തപ്പമായി
പെസഹാ പാൽ
ശർക്കര – 250 ഗ്രാം, വെള്ളം – ½ കപ്പ്, തേങ്ങാപ്പാല്‍ – 2½ കപ്പ് (രണ്ടാം പാല്‍), തേങ്ങാപ്പാല്‍ – 1½ കപ്പ് (ഒന്നാം പാല്‍), വറുത്ത അരിപ്പൊടി – 4 ടേബിൾ സ്പൂൺ, ചുക്ക്പൊടി – ½ ടീസ്പൂൺ, ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ ,ഉപ്പ് – ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കിയ ശേഷം അരിച്ചെടുക്കുക. അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ഇതിൽ നിന്നും കുറച്ചെടുത്ത് 4 ടേബിൾസ്പൂൺ അരിപ്പൊടിയിലേക്ക് ഒഴിച്ച് കട്ടയില്ലാതെ യോജിപ്പിച്ച് തിളച്ചുകൊണ്ടിരിക്കുന്ന മിശ്രിതത്തിലേക്കൊഴിച്ച് കുറുക്കിയെടുക്കുക.കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം പാല്‍ ചേർത്ത് ചുക്ക്പൊടിയും ഏലയ്ക്കപ്പൊടിയും അല്പം ഉപ്പും ചേർത്ത് തിളക്കുന്നതിനു മുൻപ് വാങ്ങിവയ്ക്കുക. പെസഹാ പാൽ തയാർ. ശേഷം കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി ഇടും. പാലുണ്ടാക്കാൻ പുത്തൻ കലവും പുത്തൻ തവിയും ഉപയോഗിക്കണമെന്നാണ് പഴയ ആചാരം. ഉപ്പുനോക്കാൻ പോലും പാടില്ല ഉണ്ടാക്കുമ്പോൾ. അത്ര വൃത്തിയും ശുദ്ധിയും പാലിക്കണമെന്നാണ് നിയമം.
Pesach Pass Over Day Recipes










