പേട്ടയിലെ കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയെന്ന് ഡിഎൻഎ റിപ്പോർട്ട്; മാതാപിതാക്കള്‍ക്ക് കൈമാറും

തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടു പോയതിന് ശേഷം കണ്ടെത്തിയ രണ്ടുവയസുള്ള പെൺകുട്ടി ബിഹാർ ദമ്പതികളുടേതു തന്നെയെന്ന് ഡിഎൻഎ ഫലം. കുട്ടിയെ ദമ്പതികൾക്ക് തിരികെ നൽകും. ദമ്പതികൾക്ക് അനുകൂലമായി ഡിഎൻഎ ഫലം വന്നതോടെയാണ് തീരുമാനം. കുട്ടിയെ മാതാപിതാക്കൾക്ക് നൽകാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. കുട്ടി ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്.

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍കുട്ടിയെ ഞായറാഴ്ച്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്‌സോ കേസടക്കം എട്ട് കേസുകളിലെ പ്രതിയാണ് ഇയാൾ. സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്ക് പ്രത്യേകം മേല്‍വിലാസമില്ലെന്നാണ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞത്.

കുട്ടിയെ ലൈംഗികമായി ഉപയോ​ഗിക്കലായിരുന്നു ലക്ഷ്യമെന്ന് പ്രതിയായ ഹസ്സന്‍കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടികരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഹസൻകുട്ടി ജയിലിൽ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.

More Stories from this section

family-dental
witywide